Wednesday, June 21, 2006

സഹശയനം.

ഹരി നേരത്തെ ഉണര്‍ന്നു. നന്നായി ഉറങ്ങിയതിന്റെ ഉന്മേഷം പ്രഭാതത്തിനു ഭംഗി കൂട്ടി. മുറിക്കടുത്തൊഴുകുന്ന ഓടയുടെ ദുര്‍ഗന്ധം അസഹനീയമാകുന്ന ഏതോ ഒരു നിമിഷത്തില്‍ ഞെട്ടിയുണരുകയാണു പതിവു. ഒരിക്കലും തുറന്നിട്ടില്ലാത്ത ജനലിന്റെ അരികില്‍ നിന്നു തന്റെ കട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയെ നോക്കി. തനിക്കു പേരുപോലും അറിയാത്തവള്‍.

രത്നക്കു ഇവളേക്കാള്‍ പത്തു വയസ്സെങ്കിലും കൂടുതല്‍ കാണും. ഇന്നലെ പതിവില്ലാതെ അവള്‍ പറഞ്ഞു, നിനക്കാ നാറുന്ന മുറി വിട്ടു കൂടെ. ആ വരിയിലെ രണ്ടു പേരാണു ഇന്നു ഹോസ്പിറ്റലില്‍ വന്നതു.

ഭര്‍ത്താവു മരിച്ച എന്റെ വീട്ടുടമസ്ത താമസ്സിക്കുന്നതു അടുത്തുള്ള കൂരയിലാണ്‌. എന്റെ വാടക മാത്രമാണു അവര്‍ക്കൊരു വരുമാനം. ഈ ദുര്‍ഗന്ധം സഹിച്ചു ആരും ഇവിടെ വാടകക്കു വരില്ല. ഞാനും വിട്ടു പോയാല്‍ അവര്‍ പട്ടിണിയാകും. അവള്‍ക്കിതൊന്നും ഓര്‍ക്കേണ്ടതില്ലല്ലോ.

രത്നാ, നീയിന്നു രാത്രി എന്റെ കൂടെ കിടക്കുമോ. കൂടെ താമസ്സിച്ചിരുന്ന ബംഗാളിപ്പയ്യന്‍ ഈ ഗന്ധം സഹിക്കവയ്യാതെ പോയതില്‍ പിന്നെ ഞാന്‍ വളരെ ഒറ്റക്കാണ്‌. അടുത്തൊഴുകുന്ന ഓടയില്‍, മേല്‍ നിറയെ മുള്ളുള്ള ഒരു കൂറ്റന്‍ പാമ്പിനെ എന്റെ ജന്മിയുടെ ഇളയ മകന്‍ കണ്ടിട്ടുണ്ട്‌. ആ പാമ്പിനു, ഉറക്കമില്ലാതെ കാവലിരുന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു. ഉറക്കം വീഴുംബോള്‍ അതിന്റെ ചുകന്ന കണ്ണുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണരുന്നു. ജോലിയില്‍ ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. ഈ ജോലിയും പോയാല്‍ എനിക്കീ മഹാനഗരത്തില്‍ നിലനില്‍പ്പില്ല. അവള്‍ ഒന്നും മിണ്ടാതിരുന്നു തിരയെണ്ണി.

രാത്രി ജാനകിറാം കൊണ്ടുവന്ന പെണ്‍കുട്ടിയോടു പറഞ്ഞു, എന്നോടു ഒട്ടിക്കിടക്കുക, എനിക്കിന്നു പേടിയില്ലാതുറങ്ങണം.

അവള്‍ കണ്ണുതിരുമ്മി എഴുന്നേട്ടു. അവളുടെ കവിളിലെ കാവിനിറം തലയിണവിരിയില്‍ പതിഞ്ഞിരുന്നു. നീട്ടിയ മുപ്പതു രൂപയില്‍ അവളുടെ കുഴിഞ്ഞ കണ്ണുകള്‍ തിളങ്ങി.

ഇന്നും വരുമോ? അവള്‍ തലകുലുക്കി.

22 Comments:

At 11:45 AM , Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

കുട്ടപ്പായീ,

മനോഹരമായി പറഞ്ഞിരിയ്ക്കുന്നു.

നന്മ കാത്തു സൂക്ഷിയ്ക്കുന്ന മനസ്സുകളും അതില്ലാതെ പോകുന്ന സൌഹൃദങ്ങളും, ഓടകള്‍ക്കുള്ള ദുഷിച്ച ഗന്ധം പോലെ നഗരജീവിതങ്ങളുടെ ഭാഗമാണ്‌...

 
At 12:34 PM , Blogger സു | Su said...

നന്നായിരിക്കുന്നു :)

 
At 12:36 PM , Blogger അരവിന്ദ് :: aravind said...

നന്നായി എഴുതി പായീ :-) ഹൃദ്യം.

ഇതിനു പ്രചോദനമായ ഓട മാരുതി നഗറിലേയോ അതൊ കോറമാംഗല റിംഗ് റോഡിനടുത്തേതോ?
രണ്ട് കൂട്ടുകാര്‍ ഇവിടെ രണ്ടുസ്ഥലത്തും ഒരിക്കലും തുറക്കാത്ത ജനലുകളുമായി താമസിച്ചു.
അവരോട് എന്റെ സ്ഥിരം ക്വസ്റ്റ്യന്‍ ആയിരുന്നു.
“എങ്ങെനെ ജീവിക്കുന്നടേ ?”
ഞാന്‍ ബി.ടി.എമ്മില്‍ ആരുന്നൂലോ.

 
At 12:54 PM , Blogger ശ്രീജിത്ത്‌ കെ said...

ഹരി ചെയ്യുന്നത്ത് തെറ്റോ ശരിയോ എന്ന് പറയാനാകുന്നില്ല. വായിച്ച് കഴിഞ്ഞപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍.

വിവരണം നന്നായിരിക്കുന്നു. അര്‍ത്ഥഗര്‍ഭമായ വരികള്‍.

 
At 12:56 PM , Blogger വിശാല മനസ്കന്‍ said...

'രാത്രി ജാനകിറാം കൊണ്ടുവന്ന പെണ്‍കുട്ടിയോടു പറഞ്ഞു, എന്നോടു ഒട്ടിക്കിടക്കുക, എനിക്കിന്നു പേടിയില്ലാതുറങ്ങണം'

നന്നായി എഴുതിയിട്ടുണ്ട്. എഴുത്തുകാരന്റെ ടച്ച്.

 
At 12:59 PM , Blogger കുറുമാന്‍ said...

കൊള്ളാം കുട്ടപ്പായി, നന്നായി പറഞ്ഞിരിക്കുന്നു.

 
At 1:03 PM , Blogger ഉമേഷ്::Umesh said...

നല്ല കഥ, കുട്ടപ്പായീ.

 
At 1:04 PM , Blogger ചില നേരത്ത്.. said...

കുട്ടപ്പായി.
വളരെ നന്നായിരിക്കുന്നു. എഴുത്തിന്റെ ശൈലി..
കഥകള്‍, കഥകള്‍ മാത്രമാണല്ലോ അല്ലെ?

 
At 1:06 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

വിശാലന്‍ പറഞ്ഞതു പോലെ
എഴുത്തുകാരന്റെ ചേല്‌..!
ഓടയിലെ ദുര്‍ഗന്ധവും, ഉള്ളിലെ ഭയവും,
ഏകാന്ത രാവുകളും...
നന്നായി കുട്ടപ്പാ
വളരെ നന്നായി.

 
At 1:09 PM , Blogger കണ്ണൂസ്‌ said...

നന്നായിരിക്കുന്നു.

 
At 1:11 PM , Blogger വക്കാരിമഷ്‌ടാ said...

ഇരുത്തം വന്ന എഴുത്തുകാരുടെ രചനകള്‍ പോലെ (ഇനി കുട്ടപ്പായി അങ്ങിനത്തെ ആളാണോ?)

ശ്രീജിത്ത് പറഞ്ഞതുപോലെ കുറച്ച് കണ്‍‌ഫ്യൂഷന്‍ ഉണ്ടായീ എങ്കിലും നല്ല രചന.

 
At 1:28 PM , Blogger ദേവന്‍ said...

അതു തന്നെ. കുട്ടപ്പായിക്ക്‌ ഒരു പ്രൊഫഷനല്‍ ടച്ച്‌ ഉണ്ട്‌. ഞാനിപ്പോഴാ ഇവിടത്തെ കഥയിലെത്തിപ്പെട്ടത്‌, ആര്‍ക്കൈവിലെ പഴേതൊക്കെ ഒന്നരിച്ചു പെറുക്കട്ടേ

 
At 1:50 PM , Blogger ഇടിവാള്‍ said...

നന്നായിരിക്കുന്നൂ
കുട്ടപ്പായ്‌...

 
At 2:08 PM , Blogger പെരിങ്ങോടന്‍ said...

“നാറുന്ന അയല്പക്കമുള്ള മുറികള്‍” ഒഴിഞ്ഞുപോരുവാന്‍ കഴിയുന്നതല്ല പലപ്പോഴും, അവിടങ്ങളില്‍ താമസിക്കുവാന്‍ നിര്‍ബന്ധിതരായിപ്പോകുന്നവര്‍ എത്രപേര്‍! വാച്യാര്‍ത്ഥങ്ങള്‍ക്കപ്പുറം, നാറുന്ന ഒറ്റമുറിയില്‍ തനിച്ചായിപ്പോകുന്നവരുടെ കഥയാണിതു്. നന്നായിരിക്കുന്നു.

 
At 2:18 PM , Blogger Thulasi said...

വരികള്‍ക്കിടയില്‍ അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ച്‌ വെക്കാതേയും, ഉപകള്‍കൊണ്ട്‌ പൊറുതിമുട്ടിക്കാതേയും കഥകള്‍ എഴുതാം അല്ലേ?

നല്ല രചന

 
At 3:23 PM , Anonymous Anonymous said...

നന്നായിരിക്കുന്നു. നന്മകള്‍ നിറച്ച് വെച്ച (ഒളിപ്പിച്ച് വെച്ചതോ? ) കഥ.

 
At 3:24 PM , Blogger തണുപ്പന്‍ said...

നന്നായിരിക്കുന്നു. നന്മകള്‍ നിറച്ച് വെച്ച (ഒളിപ്പിച്ച് വെച്ചതോ? ) കഥ.


ഞാന്‍ അനോണിമസ്സായോ?

 
At 3:41 PM , Blogger bodhappayi said...

പ്രിയരെ, നല്ല വാക്കുകള്‍കൊണ്ടു എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

നൂലെ:
നാട്ടിന്‍പുറത്തിന്റെ നന്മകളെക്കാള്‍ നഗരത്തിന്റെ വന്യതയാണ്‌ എന്നെ മത്തുപിടിപ്പിച്ചതു. സൂക്ഷ്മതയാര്‍ന്ന താങ്കളുടെ തിരുത്തലുകള്‍ കഥക്കു ഭംഗിനല്‍കി.

സു:
നന്ദി.

അരവിന്ദ്‌:
എല്ലാ നഗരത്തിനും നാറുന്ന കക്ഷമുണ്ട്‌. ബോംബെയില്‍ ജോലിയുള്ള കൂട്ടുകാരന്‍ വിവരിച്ച ചുറ്റുപാടാണിതു.

ശ്രീജിത്ത്‌:
നീയെന്നും എനിക്കു പ്രോത്സാഹനമാണു ബൂലോകത്തെ എന്റെ ആദ്യകൂട്ടുകാരാ.

പിന്നെ ശരിയും തെറ്റും ആപേക്ഷികമല്ലേ.

വിശാലേട്ടാ:
പ്രോത്സാഹനത്തിനു ഉള്ളു നിറഞ്ഞ നന്ദി.

കുറുമാന്‍:
നന്ദി.

ഉമേശേട്ടാ:
നന്ദി.

ഇബ്രു:
മഹാനഗരങ്ങളില്‍ ആരും കാണാതെ പോകുന്ന മനുഷ്യജന്മങ്ങള്‍.

വര്‍ണ്ണം:
വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്ന താങ്കളുടെ വരികള്‍ അതീവഹൃദ്യം.

കണ്ണൂസ്‌:
നന്ദി.

വാക്കാരി:
ആര്‍ക്കും പിടികൊടുക്കാത്തവര്‍ എല്ലാ കോണിലും കാണും.

ദേവേട്ടാ:
അധികം പുറകോട്ടില്ല. ശ്രീജിത്തിന്റെ നിരന്തരമായ ഉന്താണു എന്റെ ഇന്ധനം.

ഇടിവാള്‍:
നന്ദി.

പെരിങ്ങോടാ:
താങ്കളുടെ സ്പര്‍ശമാണു എനിക്കു പ്രചോദനമായതു.

തുളസി:
താങ്കളുടെ ചിത്രങ്ങള്‍ പോലെതന്നെ വാക്കുകളും സുന്ദരം.

തണുപ്പാ:
നന്മ വിളക്കു പോലെയാണ്‌. എത്ര ഒളിച്ചാലും ആ വെളിച്ചം നമ്മെ മൂടും.

 
At 1:50 AM , Blogger സ്നേഹിതന്‍ said...

കുട്ടപ്പായിയുടെ എഴുത്ത് മനസ്സില്‍ കൊള്ളുന്ന ചിത്രം വരച്ചു. നല്ല ശൈലി.

 
At 4:11 PM , Blogger ദില്‍ബാസുരന്‍ said...

കുട്ടപ്പായീ.... കഥ കുട്ടപ്പനായി. പലരും പറഞ്ഞത് പോലെ ഒരു നല്ല് എഴുത്തുകാരന്റെ ശൈലി.

പിന്നെ എന്റെ പേരിന് കട്ടി ഒരല്‍പ്പം കൂടി അല്ലേ? പേര് മാറ്റാന്‍ പറ്റില്ലല്ലോ.....

 
At 4:46 PM , Blogger bodhappayi said...

സ്നേഹിതാ:
ശൈലി ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു.

ദില്‍ബാ:
പേരല്ല എഴുത്താണു പ്രധാനം. ബ്ലോഗ്‌ തുടങ്ങിയല്ലോ, എഴുതിത്തകര്‍ക്കൂ...

 
At 8:26 PM , Blogger Bharathy said...

Sandeep sundaram....Valare valare nannayi...Fantastic way of writing...:)...keep it up

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home