Tuesday, March 28, 2006

നമ്മടെ മാഷ്‌

കുഞ്ഞുണ്ണിമാഷിന്റെ മരണവിവരം ഇന്നലെ വാര്‍ത്തയില്‍ കേട്ടപ്പോള്‍ എന്റെ ഓര്‍മ പോയതു ഈ ബ്ലോഗ്ഗര്‍ കമ്മ്യുണിറ്റിയിലാണ്‌. കുറേ എഴുത്തുകള്‍ കണ്ടു. അതുല്യച്ചേച്ചിയുടെ എഴുത്തു വളരെ ഹൃദ്യം.

കുഞ്ഞുണ്ണിമാഷിനെ ഞാന്‍ ആദ്യം കാണുന്നതു അദ്ദേഹം എന്റെ സ്കൂളില്‍ വന്നപ്പോളാണ്‌. 2 തവണ വന്നിട്ടുണ്ട്‌. "കുട്ടികളേ" എന്ന അദ്ദേഹത്തിന്റെ വിളിയെ വിക്രത ശബ്ദങ്ങല്‍ ഉണ്ടാക്കിയാണു കുറച്ചു മുതിര്‍ന്നവര്‍ വരവേറ്റത്‌. കുട്ടികള്‍ക്കിടയില്‍ ഇറങ്ങി നടന്ന് എല്ലാവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹം നിര്‍ത്തിയപ്പോല്‍ കുറച്ചെങ്കിലും വിഷമം തോന്നിയിരിക്കും ആ ചേട്ടന്മാര്‍ക്ക്‌.

തെങ്ങില്‍ വിളയുന്നതു തേങ്ങ
മാവില്‍ വിളയുന്നതു മാങ്ങ
അപ്പോള്‍ പ്ലാവില്‍ വിളയുന്നതു എന്തു കൊണ്ടു ചക്കയായി.

ഇല്ലാപ്പാടത്തു കാണാവിത്തു വിതക്കുംപോലെ
കാണാപ്പാടം പഠിക്കല്‍.

ഇപ്പ്പ്പോഴും മനസ്സില്‍ തങ്ങി നില്ക്കുന്നതു അദ്ദേഹത്തിന്റെ ഈ രണ്ടു വരികള്‍. ഇന്നും എനിക്ക്‌ കാണാപ്പാഠം പഠിക്കുന്നവരോട്‌ സഹതാപം മാത്രം.

രണ്ടാം തവണ വരുംബോല്‍ വളരെ ക്ഷീണിതാണദ്ദേഹം. കസേരയില്‍ ഇരുന്നു സംസാരിച്ചു. വാക്കുകള്‍ക്ക്‌ മാത്രം ക്ഷീണമില്ല. ഒരു ചെറിയ കസേരയില്‍ ചുരുങ്ങി ഇരുന്ന ആ ചെറിയ മനുഷ്യന്‍ അന്നും "പൊക്കമില്ലയ്മയാണെന്റെ പൊക്ക"മെന്നു ആര്‍ത്ത്‌ ചിരിക്കുന്ന എല്ലാവരുടെയും ഉള്ളിലിറങ്ങി തെളിയിച്ചു.

നീട്ടിവലിച്ചു വിളിച്ചു പറഞ്ഞാല്‍ പപ്പടകം
ചുരുക്കിപ്പറഞ്ഞാല്‍ പപ്പടം
വീണ്ടും ചുരുക്കിയാല്‍ പപ്പ്‌ടം
ഇലയില്‍ വെച്ചു തെല്ലമര്‍ത്തിയാല്‍ പ്പ്‌ടം.

വല്ലതും വായിക്കാതെ
നല്ലതും വായിക്കാതെ
വേണ്ടതു വായിക്കുവിന്‍.

ഒരു തലമുറയിലെ കുട്ടികളുടെ മുഴുവന്‍ സ്നേഹം അറിഞ്ഞ മാഷിന്റെ ആത്മാവിനു നിത്യശാന്തി.

Wednesday, March 01, 2006

പവര്‍ക്കട്ട്‌

കഥ നടക്കുന്നത്‌ കുറെ കാലം മുന്‍പ്‌. എനിക്കപ്പോള്‍ പ്രായം 13. സൌസര്‍ ഊരി ലുംഗി ഉടുക്കാന്‍ തുടങ്ങിയതിന്റെ കുറച്ചു അഹങ്കാരം ഒക്കെ മനസ്സില്‍ വച്ചുകൊണ്ടു നടക്കുവാണു ഞാന്‍. ഈ കഥയും എന്റെ ലുംഗ്ഗിയുമായി യാതൊരു ബന്ധവും ഇല്ല. ചുമ്മാ അക്കാലത്തെ എന്റെ മാനസികാവസ്ഥ പറഞ്ഞെന്നു മാത്രം. കേരളം ആസകലം വൈദ്യുതിക്കമ്മി അനുഭവിക്കുന്നതാല്‍ ദിവസവും രാത്രി അര മണിക്കൂര്‍ പവര്‍കട്ട്‌ ഉണ്ടായിരുന്നു. ആക്കാലത്താണു ഗാസ്‌-ലൈറ്റും മറ്റും നാട്ടില്‍ പ്രചാരത്തില്‍ വന്നതും.
എന്റെ നാടായ മേലൂരില്‍ നാലു തരത്തിലുള്ള നിവാസികള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും, കൈവെട്ടു കാല്‍ വെട്ടു തുടങ്ങിയ കലാപരിപാടികള്‍ക്കും വേദിയായിരുന്നു എന്റെ നാട്‌. അതൊക്കെ പണ്ടു, ഞാന്‍ ജനിക്കുന്നതിനു മുന്‍പ്‌. അവശേഷിച്ചിരുന്ന ഒന്നു രണ്ടു ഫോസ്സിലുകള്‍ ഈ അടുത്തകാലത്തു യമപുരിയടഞ്ഞു. നാലുതരമുള്ളതില്‍ ഒരു തരക്കാര്‍ പുലികല്‍, കിടിലം കണക്ഷനാണു അവര്‍ക്കു കറന്റ്‌ നല്‍കുന്നതു, എന്റെ കിഴക്കേതില്‍ക്കാരെ പോലെ. പിന്നെ മധ്യവര്‍ത്തികള്‍, മിക്കപ്പോളും വെളിച്ചം കാണാനുള്ള ഭാഗ്യം ചെയ്തവര്‍. അടുത്ത സെറ്റുള്ളതു തറകള്‍, വെളിച്ചം ദുഖമാണുണ്ണീ എന്നു ഉറക്കെയുറക്കെ വിളിച്ചു കൂവുന്നവര്‍. ഈ കൂട്ടതില്‍ സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ കഥാനായകന്‍ കരുണാകരന്‍ നായരേം, എന്നേം അങ്ങനെ പലരേം നിങ്ങള്‍ക്കു കാണാന്‍ കഴിയും. അവസാനം വരുന്നവര്‍ പണക്കാര്‍, മേല്‍പ്പറഞ്ഞ 3 കണക്ഷനും വലിച്ചു സിറ്റിംഗ്‌ റൂമില്‍ ഗോവണിക്കു താഴെ ഒരു മാസ്റ്റര്‍ ജങ്ക്ഷന്‍ ബോക്സ്‌ ഒക്കെ ഫിറ്റു ചെയ്ത, മാധവന്‍ മാമനേം, പയ്‌ലപ്പനേം പോലുള്ളവര്‍. നമ്മുടെ കഥാനായകന്‍ കരണമ്മാമന്‍ , ക്ഷിപ്രക്കോപി-ക്ഷിപ്രപ്രസാദി, പേരുകേട്ട ഈശ്വരവിശ്വാസി, ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ഉദ്യോഗസ്തന്‍, മുഖം നോക്കാതെ കാര്യം പറയുന്നയാള്‍. മൂലക്കുരുവിന്റെ ശല്യമുള്ളതു കൊണ്ടു അല്‍പം കവച്ചുകവച്ചാനു ഇഷ്ടന്‍ നടന്നിരുന്നതു.
അങ്ങിനെ ജീവിതം സ്വഛശാന്തമായ ചാലക്കുടി പുഴ പോലെ ഒഴുകുന്ന സമയം. പതിവുപോലെ ഒരു രാത്രി 7:30 മണിക്കു മേലൂര്‍ക്കരയെ മൊത്തം ഇരുട്ടിലഴ്തിക്കൊണ്ട്‌ കറന്റ്‌ പോയി. സ്പോന്‍സേഡ്‌ സീരിയല്‍ കാണാന്‍ കഴിയാത്ത വിഷമം പ്രാക്കായി പുറംതള്ളിക്കോണ്ടു വീട്ടമ്മമാര്‍ വെളിയിലിറങ്ങി ഇരുന്നു. എന്റേം അനിയത്തിടേം ഗാസ്‌-ലൈറ്റ്‌ പങ്കുവെക്കല്‍ തര്‍ക്കം പതിവു പോലെ തകര്‍ത്തു, അമ്മ കോഫി അന്നന്റെ രൂപത്തില്‍ അവതരിച്ചു കണ്ണൊക്കെ ഉരുട്ടി തര്‍ക്കതിനു തല്‍ക്കാല ശാന്തി നല്‍കി. സമയം 8:00 മണി. ചുട്ടുപാടുള്ള 1,2,4 ഇനത്തില്‍ പെട്ട ആള്‍ക്കാരുടെ വീടുകളില്‍ റ്റ്യുബുലൈറ്റുകല്‍ ചിരിതൂകാന്‍ തുടങ്ങി.
"എന്റേടി ആണ്ടെ കെഴെക്കേതിലും മഠത്തിലും കറന്റ്‌ വന്നു" വിഷമത്തോടെ അമ്മയോട്‌ അമ്മൂമ്മ.
സംഗതി വിചാരിച്ചതു തന്നെ. ഫ്യൂസ്‌ അടിച്ചു പോയി. ഞാന്‍ പ്രതീക്ഷയോടെ തെക്കേതിലേക്കു നോക്കി. തെക്കേത്‌ എന്നു പറഞ്ഞാല്‍ എന്റെ തറവാട്‌, ഭാഗം വെയ്പ്പു പണ്ടെ കഴിഞ്ഞെങ്കിലും, മതില്‍ കെട്ടി തിരിച്ചിട്ടില്ല. അവിടാണു കരണമ്മാമന്‍ താമസ്സിക്കുന്നതും. പുള്ളിക്കാരന്‍ വന്നു കാണുമോ എന്തോ. 5 മിനിറ്റ്‌, റോഡിലൂടെ ഠക്‌ ഠക്‌ ഒച്ച കേള്‍ക്കാന്‍ തുടങ്ങി. ഒച്ച എന്റെ വീടിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാനും ചേര്‍ന്നു. മുന്നില്‍ സര്‍വീസ്‌ വയറിന്റെ ഒരു കഷണവും, ഒരു കട്ടിംഗ്‌ പ്ലയെറും പിടിച്ചു കവച്ചുകവച്ചു കരണമ്മാമന്‍, പിറകില്‍ ഒരു ഉണക്കക്കോല്‍ കുത്തിപ്പിടിച്ചോണ്ട്‌ മകന്‍ ശ്രീജു. സധാരണ ഒരു ജാഥയയിട്ടാണു ആ പോക്കുണ്ടാവാറുള്ളത്‌ അംബ്ബട്ടന്‍ ഷാജി, സിനോ, തങ്കോണിയാമന്‍, പേപ്പര്‍ വേലായുധന്‍, മകന്‍ സുരേഷ്‌ തുടങ്ങിയവര്‍. ഇന്നു മൂന്നേ മൂന്നു പേര്‍. ബാക്കിയെല്ലാവര്‍ക്കും കറന്റ്‌ ഉണ്ട്‌. ലുംഗി പുക്കിളോളം പൊക്കിയുടുത്തു ഞാനും നടന്നു. നേരെ നടന്നു ഒരു വളവു തിരിയുംബോളാണു തങ്കോണിയാമന്റെ വീടു.
"ഞാന്‍ വരണോടാ കരണാ" പുള്ളിക്കാരന്റെ ഉച്ച മേലൂര്‍ക്കര മൊത്തം കേട്ടിരിക്കും. പക്ഷെ കരണമ്മാമനു മാത്രം മൌനം. കുറച്ചു മുന്നില്‍ ചെന്നപ്പോല്‍ കരണമ്മാമന്‍ രോഷത്തോടെ പറഞ്ഞു "ആ ഊ%%** കഷണ്ടിക്കു പോയി കെട്ടാനുള്ള പീസേ ഒള്ളു ഇത്‌, ധൈര്യം വേണം". ഒരു നിമിഷം കൊണ്ടു ഞാന്‍ താജ്‌ മഹലിന്റെ മുകളിലെത്തി, എനിക്കും കിട്ടി മൂത്തവരുടെ കൂട്ടത്തില്‍ ഒരു ബര്‍ത്ത്‌. അല്ലെങ്കില്‍ കരണമ്മാമന്‍ ഇങ്ങനെ വെട്ടിത്തൊറന്നു പറയോ. ഞാന്‍ മുണ്ട്‌ ഒന്നഴിച്ചുകുത്തി നടന്നു.
ട്രാന്‍സ്ഫൊര്‍മറിന്റെ അടുത്തെത്തി. കല്ലെറു കിട്ടിയ പട്ടിയെപ്പോലെ ആശാന്‍ നിന്നു മുരണ്ടു. "അല്ല കരണമ്മാമാ, മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യെണ്ടേ" ഞാന്‍.
"അതിനൊക്കെ ഇപ്പൊ ആര്‍ക്ക്‌ പറ്റും എന്റെ ഉണ്ണീപ്പാ. ഡാ ശ്രീജൂ ആ ടോര്‍ച്ചടിച്ചേ".
ഫ്യൂസ്‌ മേലെ മാത്രം വിട്ടു ഇപ്പൊ വീഴും ഇപ്പൊ വീഴും എന്നു പറഞ്ഞു നിക്കുന്നു. പുള്ളിക്കാരന്‍ മകന്റെ കൈയ്യില്‍ നിന്നു കോലു വാങ്ങുന്നു, ഫ്യൂസില്‍ ആഞ്ഞടിക്കുന്നു. ഉരുകിപ്പിടിച്ച കീഴ്ഭാഗം വീഴാനുള്ള പുറപ്പടില്ല. വീണ്ടും വീണ്ടും കനത്ത പ്രഹരങ്ങള്‍, അവസാനം ഒരു രണ്ടു രണ്ടര കൊള്ളിയാന്റെ പ്രകാശം പരത്തിക്കൊണ്ട്‌, ഫ്യൂസ്‌ നിലം പറ്റി. കൈയിലിരുന്ന സര്‍വീസ്‌ വയര്‍ കട്ടിംഗ്‌ പ്ലയെറിന്റെ അറ്റത്തു ഫിറ്റ്‌ ചെയ്തു. പതുക്കെ പതുക്കെ, പുള്ളി പ്ലയര്‍ നീട്ടി, സോക്കെറ്റുമായി സംബര്‍ക്കം ഉണ്ടായാതും, അതു ചീറി, അപ്പോളുണ്ടായ കടുത്ത പ്രകാശത്തിനു നിറം പച്ചയാണോ നീലയാണോ എന്നു മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഷോക്കേറ്റു തരിച്ചു അനങ്ങാന്‍ കഴിയാതെ നില്‍ക്കുവാണൊ കരണമ്മാമന്‍ എന്നു ഞാന്‍ സംശയിച്ചു. ഒരൊറ്റ സെക്കന്ദ്‌, എല്ലാം ശുഭം. സര്‍വീസ്‌ വയറിന്റെ രണ്ടറ്റവും സൊക്കെറ്റില്‍ ഉരുകിപ്പിടിച്ചു. അങ്ങനെ ലെവെല്‍ 3 വീടുകളും പ്രകാശമാനമായി.
അന്നു മുതല്‍ എനിക്കു കരണമ്മാമനോടു ഒരു പ്രത്യേക ബഹുമാനമായിരുന്നു. പണ്ടു അദ്ധേഹം കുനിഞ്ഞു നിന്നു മണള്‍ വാരുന്നതു കണ്ടപ്പോല്‍ തോന്നിയതിനേക്കാല്‍ കൂടുതല്‍...


വാല്‍ക്കഷ്ണം: കരണമ്മാമന്‍ ഈ വര്‍ഷം തന്റെ നീണ്ട കാലത്തെ സര്‍വീസിനു ശേഷം റിട്ടയര്‍ ആകുന്നു. മകന്‍ ശ്രീജു കൊച്ചിയില്‍ 3 സ്റ്റാര്‍ ഹോട്ടലില്‍ അസ്സോസിയേറ്റ്‌ മാനേജര്‍.