Wednesday, August 23, 2006

ആലീസും മരണവും ഫ്ലാഷ്‌ബാക്കും.

ആലീസ്‌ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്തു. ബ്ലേഡ്‌ പിടിച്ച വലംകൈ കടിച്ചു മുറിക്കുകയായിരുന്നു. അവള്‍ക്കൊരിക്കലും ചോരയെ പേടിയില്ലായിരുന്നു, അല്ലെങ്കിലും അവളെന്തിനു ചോരയേ പേടിക്കണം അല്ലേ. ആലീസിന്റെ മരണത്തില്‍ ഏറ്റവും ദുഖിച്ചതു അവളുടെ ചെറിയച്ചനായിരുന്നു. നല്ല ഇടയനായ അയാള്‍ എന്നും അവളെ നല്ലവണ്ണം നോക്കിയിരുന്നു, പ്രത്യേകിച്ചും അവള്‍ കുളിക്കുമ്പോള്‍. അല്ലാ ഇതൊക്കെ ഞാനെന്തിനാ ഇവിടെ പറയുന്നത്‌. ഷര്‍ട്ടിന്റെ കോളറില്‍ അവസാനത്തെ മുടിയിഴ കാണുമ്പഴേക്കും ഞാനവളെ മറന്നുകഴിഞ്ഞിരുന്നു.

പണ്ടൊരിക്കല്‍ ആലീസ്‌ എന്നേയും കൂട്ടി ഒരു ലോങ്ങ്‌ ഡ്രൈവിനു പോയി. ചെന്നു നിന്നതോ ഒരു ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിനു മുന്‍പില്‍. ആലീസും അമ്പലവും, ഒരു ചേര്‍ച്ചയില്ല അല്ലേ. എനിക്കും തോന്നി അങ്ങനെയപ്പോള്‍. അവള്‍ക്കു അവിടം കാണിച്ചുകൊടുത്തതു കോളേജിലേ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ രാജേഷാണത്രേ. അതു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു, ഇതാണ്‌ എനിക്ക്‌ ഇഷ്ടമാകാത്തത്‌. പെണ്ണുങ്ങള്‍ ചുമ്മാ കേറിയങ്ങു ചിരിക്കും. അവളുടെ അമ്മകും ഉണ്ട്‌ ഈ അസുഖം. ഇതുപോലൊരിക്കല്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍ അമ്മയേ കണ്ടിരുന്നു. ഒരു ചില്ലിനു പുറകിലെ കളര്‍ ഫോട്ടോ. അവള്‍ എല്ലാ മാസവും കോളേജ്‌ ഫീസ്‌ വാങ്ങിക്കാന്‍ ചെറിയച്ചന്റെ റൂമില്‍ പോകുമ്പോള്‍ അമ്മ വായ്‌ പൊത്തിച്ചിരിക്കാറുണ്ടത്രേ. എനിക്കാണെങ്കില്‍ ചുമ്മാ ചിരിക്കുന്ന പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടു കൂട.

അപ്പോ പറഞ്ഞു വന്നതു, ആലീസും ഞാനും അമ്പലത്തില്‍. ആ അമ്പലത്തിന്മേല്‍ സൂര്യന്‍ നോക്കുന്നതു ഒളിച്ചാണത്രേ. ചെരിഞ്ഞു വീഴുന്ന ആ കിരണങ്ങള്‍ പ്രണയമുള്ളവര്‍ക്കും സ്വപ്നജീവികള്‍ക്കും മാത്രം അനുഭവിക്കാന്‍ കഴിയും. അമ്പലത്തിനടുത്തുള്ള മൊട്ടക്കുന്നിന്റെ അപ്പുറത്ത്‌ നീണ്ടുകിടക്കുന്ന മണലില്‍ വട്ടത്തിലാണു കാറ്റു പറക്കുക. കാറ്റു വട്ടത്തില്‍ പറക്കുമ്പോള്‍ മണലില്‍ പിറക്കുന്ന റോസാപ്പൂക്കള്‍ അവളെനിക്കു കാണിച്ചു തന്നു. ആ മണലില്‍ ഞങ്ങള്‍ പേരുകളെഴുതിയപ്പോള്‍ കാറ്റു നേരേയടിച്ച്‌ അതിന്മേള്‍ കുഞ്ഞു കുഞ്ഞു നൂലുകള്‍ നെയ്തു. ആ നൂലുകള്‍ പിരിച്ചൊരു കയറുണ്ടാക്കി അവളെന്നെ മുറുകെ കെട്ടി. കെട്ടുകള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവളുടെ ശ്വാസത്തിനു റോസാപ്പൂക്കളുടെ മണമായിരുന്നു പഴുത്ത മണലിന്റെ ചൂടും.

****

എന്തു കൊണ്ടോ ഞാനതിനു ശേഷം റോസാപ്പുക്കളേ സ്നേഹിച്ചു തുടങ്ങി. റോസാപ്പൂക്കുഞ്ഞുങ്ങളെ വസ്ത്രത്തില്‍ അണിയാറുള്ള മന്ത്രിയേയും ഞാന്‍ സ്നേഹിച്ചു. മന്ത്രിയുടെ മകളേയും മകളുടെ മകനേയും ഞാന്‍ സ്നേഹിച്ചു. മകന്റെ ശരീരം പൊട്ടിച്ചിതറിയപ്പോള്‍ തെറിച്ച ചോരയുടെ ചുകപ്പിനെ ഞാന്‍ സ്നേഹിച്ചു. ചുകപ്പിന്റെ ആദര്‍ശങ്ങളേയും ചുകന്ന ദര്‍ശനങ്ങളേയും ഞാന്‍ സ്നേഹിച്ചു. ആദര്‍ശങ്ങള്‍ക്കു പ്രജോദനമായ സങ്കല്‍പ്പനഗരിയേയും സ്രഷ്ടാവിനേയും ഞാന്‍ സ്നേഹിച്ചു. ഇവയൊന്നും എന്നെ തിരിച്ചു സ്നേഹിക്കില്ലന്നു മനസ്സിലാക്കിയ നിമിഷം ഞാന്‍ ആലീസിനു സ്നേഹിച്ചു.

ആലീസിനോടൊപ്പം കറങ്ങുന്ന കാറ്റിന്റെ നടുവില്‍ നിന്നപ്പോള്‍ എന്റെ തലക്കു മുകളില്‍ പപ്പട വട്ടത്തില്‍ ഒരു വളയം രൂപപ്പെട്ടു. ദിവസങ്ങള്‍ പോകവേ വളത്തിന്റെ വലിപ്പം കൂടി കൂടി വന്നു. പെട്ടന്നൊരു ദിവസം അതില്‍ നിന്നും പ്രകാശം വമിക്കാന്‍ തുടങ്ങി. ഞാന്‍ ദിവ്യനായി വാഴ്ത്തപ്പെട്ടു. പ്രകാശം തട്ടുമ്പോല്‍ മാറുന്ന രോഗവുമായി എന്റെ മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടുമ്പോഴേക്കും ആലീസ്‌ മരിച്ചു കഴിഞ്ഞിരുന്നു.