Friday, June 30, 2006

കടലിരമ്പുന്നത്‌

കുഞ്ഞുമീനുകളെ പ്രണയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ബാല്യകാലത്തെനിക്ക്‌. തനിക്കു ചികളയും ചിറകും ഇല്ലാത്താതില്‍ അവള്‍ വല്ലാതെ ദുഖിച്ചിരുന്നു. മണിക്കൂറുകളോളം കുളക്കടവിലും പുഴക്കരയിലും അവള്‍ ചിലവഴിച്ചിരുന്നു. തുടരെ രണ്ടു ദിവസം സ്കൂളില്‍ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മുത്തശ്ശി പറഞ്ഞ മത്സ്യകന്യകയെ അവള്‍ വിവരിച്ചു. ആ മത്സ്യകന്യക വെയില്‍ കായാന്‍ വരുന്നതും കാത്തു പുഴക്കരയില്‍ മറഞ്ഞിരിക്കുകയായിരുന്നത്രെ അവള്‍. സമയം കിട്ടുമ്പോളൊക്കെ പുഴക്കരയിലും കുളക്കടവിലും അവളോടൊപ്പമിരിക്കാറുള്ള ഞാന്‍ പക്ഷെ ഞാനില്ലാത്ത ഒരു ദിവസം അവള്‍ പുഴയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയി.

അച്ചന്‍ കൊടുത്ത പൂവും അരിയും വാങ്ങാതെ വലിയ അലകളുണ്ടാക്കി അവള്‍ ആഴിയിലേക്കു ഊളിയിടുന്നതു ഞാനറിഞ്ഞു. കഴുത്തിനു പിറകില്‍ ചികളയും കൈകാലുകള്‍ക്കു അസാധാരണ വലിപ്പവും സ്വീകരിച്ച അവള്‍ ഒരു മത്സ്യകന്യകയേപ്പോലെ വടിവൊത്തവളായിക്കഴിഞ്ഞിരുന്നു.

കാലമുരുണ്ടപ്പോള്‍ കടലില്ലാത്ത ഈ നഗരത്തിലേക്കു ചേക്കേറിയ ഞാന്‍ സ്വന്തം വീടു കുഞ്ഞുമീനുകളെ ചില്ലുകൂടുകളിലാക്കി നിറച്ചു. ഒരു ദിവസം അവയെല്ലാം പൊട്ടിയാല്‍ വീടു മുങ്ങിത്താഴുമെന്നു എന്റെ ഭാര്യ ഭയന്നു. അവള്‍ക്കെന്തറിയാം കടലിരമ്പുന്നതു എങ്ങിനെന്നു.

ഭീമന്‍ ട്രോളികള്‍ എന്റെ പഴയ കൂട്ടുകാരിയുടെ സാമ്രാജ്യത്തെ ഞടുക്കിയപ്പോള്‍ അവള്‍ ക്ഷമിച്ചിരിക്കാം. മുനുഷ്യന്റെ ബുദ്ധിശൂന്യത അവളുടെ മാറില്‍ മാലിന്യമെറിഞ്ഞപ്പോള്‍ അവള്‍ വേദന കടിച്ചമര്‍ത്തി. അവളുടെ ഓമനമക്കള്‍ നമ്മുടെ തീന്മേശയലങ്കരിച്ചപ്പോള്‍ അവല്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. ആ കരച്ചിലിന്റെ മാറ്റൊലി കടലിന്റെ അടിത്തട്ടിളക്കി. അര്‍ത്തട്ടഹസിച്ചുകൊണ്ടു കടല്‍ കരയെ നക്കിത്തുവര്‍ത്തി. അവളുടെ മക്കള്‍ മനുഷ്യമാംസം രുചിച്ചറിഞ്ഞു. കലിയടങ്ങിയ അവള്‍ കിതച്ചു.

ഞാനിന്നും എന്റെ വീട്ടിലെ ചില്ലുകൂടുകള്‍ കുഞ്ഞുമീനുകളെക്കൊണ്ടു നിറക്കുന്നു.

Wednesday, June 21, 2006

സഹശയനം.

ഹരി നേരത്തെ ഉണര്‍ന്നു. നന്നായി ഉറങ്ങിയതിന്റെ ഉന്മേഷം പ്രഭാതത്തിനു ഭംഗി കൂട്ടി. മുറിക്കടുത്തൊഴുകുന്ന ഓടയുടെ ദുര്‍ഗന്ധം അസഹനീയമാകുന്ന ഏതോ ഒരു നിമിഷത്തില്‍ ഞെട്ടിയുണരുകയാണു പതിവു. ഒരിക്കലും തുറന്നിട്ടില്ലാത്ത ജനലിന്റെ അരികില്‍ നിന്നു തന്റെ കട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയെ നോക്കി. തനിക്കു പേരുപോലും അറിയാത്തവള്‍.

രത്നക്കു ഇവളേക്കാള്‍ പത്തു വയസ്സെങ്കിലും കൂടുതല്‍ കാണും. ഇന്നലെ പതിവില്ലാതെ അവള്‍ പറഞ്ഞു, നിനക്കാ നാറുന്ന മുറി വിട്ടു കൂടെ. ആ വരിയിലെ രണ്ടു പേരാണു ഇന്നു ഹോസ്പിറ്റലില്‍ വന്നതു.

ഭര്‍ത്താവു മരിച്ച എന്റെ വീട്ടുടമസ്ത താമസ്സിക്കുന്നതു അടുത്തുള്ള കൂരയിലാണ്‌. എന്റെ വാടക മാത്രമാണു അവര്‍ക്കൊരു വരുമാനം. ഈ ദുര്‍ഗന്ധം സഹിച്ചു ആരും ഇവിടെ വാടകക്കു വരില്ല. ഞാനും വിട്ടു പോയാല്‍ അവര്‍ പട്ടിണിയാകും. അവള്‍ക്കിതൊന്നും ഓര്‍ക്കേണ്ടതില്ലല്ലോ.

രത്നാ, നീയിന്നു രാത്രി എന്റെ കൂടെ കിടക്കുമോ. കൂടെ താമസ്സിച്ചിരുന്ന ബംഗാളിപ്പയ്യന്‍ ഈ ഗന്ധം സഹിക്കവയ്യാതെ പോയതില്‍ പിന്നെ ഞാന്‍ വളരെ ഒറ്റക്കാണ്‌. അടുത്തൊഴുകുന്ന ഓടയില്‍, മേല്‍ നിറയെ മുള്ളുള്ള ഒരു കൂറ്റന്‍ പാമ്പിനെ എന്റെ ജന്മിയുടെ ഇളയ മകന്‍ കണ്ടിട്ടുണ്ട്‌. ആ പാമ്പിനു, ഉറക്കമില്ലാതെ കാവലിരുന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു. ഉറക്കം വീഴുംബോള്‍ അതിന്റെ ചുകന്ന കണ്ണുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണരുന്നു. ജോലിയില്‍ ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. ഈ ജോലിയും പോയാല്‍ എനിക്കീ മഹാനഗരത്തില്‍ നിലനില്‍പ്പില്ല. അവള്‍ ഒന്നും മിണ്ടാതിരുന്നു തിരയെണ്ണി.

രാത്രി ജാനകിറാം കൊണ്ടുവന്ന പെണ്‍കുട്ടിയോടു പറഞ്ഞു, എന്നോടു ഒട്ടിക്കിടക്കുക, എനിക്കിന്നു പേടിയില്ലാതുറങ്ങണം.

അവള്‍ കണ്ണുതിരുമ്മി എഴുന്നേട്ടു. അവളുടെ കവിളിലെ കാവിനിറം തലയിണവിരിയില്‍ പതിഞ്ഞിരുന്നു. നീട്ടിയ മുപ്പതു രൂപയില്‍ അവളുടെ കുഴിഞ്ഞ കണ്ണുകള്‍ തിളങ്ങി.

ഇന്നും വരുമോ? അവള്‍ തലകുലുക്കി.