Thursday, July 13, 2006

രമചദ്രികുട്ടപ്പം: ചെമ്മരിയാടുകള്‍ക്കു മാത്രമറിയുന്ന കഥ.

ഇന്റര്‍വെല്‍ സമയം. ഇടുങ്ങിയ ജനലരികില്‍ ഐസ്ക്രീം നുണഞ്ഞുകൊണ്ട്‌ പരസ്പരം ചേര്‍ന്നു രമണനും ചന്ദ്രികയും നിന്നു. ജീവിതവിജയം രുചിച്ച മനുഷ്യന്റെ ധാര്‍ഷ്ട്യവും ജന്മനാടു തന്ന സ്ഥായീഭാവമായ പുച്ഛവും രമണന്റെ മുഖത്തു തെളിഞ്ഞു കാണാം. അല്‍പവസ്ത്രധാരിണിയായ ചന്ദ്രികയുടെ വെണ്ണക്കാലുകളില്‍ മറ്റുള്ളവരുടെ ദ്രുഷ്ടി പതിയുന്നതു അയാളില്‍ അലോസരം സ്രുഷ്ടിച്ചു. എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും... രമണന്‍ പറഞ്ഞു തുടങ്ങി.

എന്തൊരു ബോറു സിനിമ കാണാനാണു ചന്ദ്രേ നിയ്യെന്നെ കൂട്ടിക്കോണ്ടു വന്നതു. ഈ യാത്രയില്‍ ആകെ മുതലായതു നമ്മളിപ്പോള്‍ നുണയുന്ന ഈ ഐസ്ക്രീം മാത്രം. ആര്‍ക്കും പറയാന്‍ പുതുതായി ഒന്നും ഇല്ലേ. രമണന്റെ സംസാരം ചന്ദ്രികക്കു രസിക്കുന്നില്ലായിരുന്നു. ഏങ്കിലും ചന്ദ്രികേ ലോകമല്ലേ... രമണന്‍ തുടര്‍ന്നു.

ഈ പരന്നൊഴുകുന്ന വാഹങ്ങല്‍ക്കപ്പുറെ കൂണുപോലെ നില്‍ക്കുന്ന കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നമ്മുക്കു നോക്കെത്താത്തിടത്തു ചില്ലുകൊണ്ടുണ്ടാക്കിയ ഒരു കെട്ടിടസമുച്ഛയത്തിലാണു കുട്ടപ്പായി ജോലിനോക്കുന്നതു. അവിടുന്നു തെല്ലുനീങ്ങിയാല്‍ ഈ നഗരം അവസാനിക്കും. പിന്നെ നീ കാണുന്ന ഗ്രാമത്തിലെ വരണ്ട ഭൂമിയുടെ ഒത്തനടുക്കു ഒരു കൊച്ചുകുളമുണ്ട്‌. ആ കുളത്തിന്റെ ഈര്‍പ്പം മൂലം അതിനുചുട്ടും വളര്‍ന്ന പുല്ലുതീറ്റിക്കുവാന്‍ തന്റെ അച്ഛന്റെ ചെമ്മരിയാടുകളെ മേച്ചുകൊണ്ടു ഒരു ആട്ടിടയന്‍ വരും. വിവാഹം കഴിച്ചിട്ടില്ലാത്ത അവന്റെ അച്ഛന്‍ ഒരു ചെമ്മരിയാട്ടിന്‍കുട്ടിയെ ദത്തെടുത്തിരുന്നു. അയാല്‍ അതിന്റെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം പുലര്‍ച്ചെ ആട്ടിന്‍പറ്റത്തിനിടയില്‍ അയാള്‍കു ഒരു പിഞ്ചുകുഞ്ഞിനെ കിട്ടി. ആ കുഞ്ഞിനയാള്‍ കുരിമഗ എന്നു പേരിട്ടു. ചന്ദ്രിക ഇന്റര്‍വെല്‍ സമയം കഴിഞ്ഞെന്ന തിരിച്ചറിവില്‍ അസ്വസ്ഥയായി. ....സ്വീകരിച്ചാല്‍ അച്ഛനും അമ്മക്കും എന്തു തോന്നും.... രമണന്‍ തുടര്‍ന്നു.

കുരിമഗ ആടുകളെ കുളത്തിനരികല്‍ മേയ്ക്കാന്‍ വിട്ടിട്ടു അടുത്തുള്ള പുളിമരച്ചുവട്ടിലിരുന്നു ഓടക്കുഴല്‍ ഊതും. അവന്റെ വേണുവില്‍ നിന്നുതിരുന്ന മധുരഗാനം മൂലമാണു ആ കുളം ഏതു വേനലിലും വറ്റാത്തതെന്നു നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. ആ ഗാനലഹരിയില്‍ മതിമറന്ന പുളിമരത്തിന്റെ ഇലകള്‍ എന്നും കൂമ്പിയ നിലയില്‍ കാണപ്പെട്ടിരുന്നു. വൈകുന്നേരം അച്ഛന്‍ വന്നു ചെമ്മരിയാടുകളുടെ എണ്ണമെടുത്തു കഴിഞ്ഞാല്‍ അവര്‍ തിരിച്ചു നടക്കും. വഴിമധ്യേയുള്ള ഒരു വേശ്യാഗ്രഹത്തില്‍ അച്ഛന്‍ കയറിപ്പോകുമ്പോള്‍ അവന്‍ ചെമ്മരിയാടുകളോടൊപ്പ്പ്പം വെളിയിലിരുന്നു മൈല്‍ക്കുറ്റിയോടു സംസാരിക്കും. ആ മൈല്‍ക്കുറ്റിക്കു പറയാനുള്ള കഥകള്‍ അവനു മനപ്പാഠമായിരുന്നു. ചന്ദ്രിക ഒന്നിളകി രമണന്റെ കണ്ണില്‍ കണ്ണും നട്ടു നിന്നു. ...എന്തിനീ നശ്വര ജീവിതത്തില്‍ എന്തു വെണെമെങ്കിലും ഞാന്‍ സഹിക്കാം.... രമണന്‍ ഒന്നുനിര്‍ത്തി തുടര്‍ന്നു.

വഴിതെറ്റിയെത്തുന്ന കാറുകാരെയും വല്ലപ്പോഴും നീങ്ങുന്ന കാളവണ്ടികളെയും കുറിച്ചു ആ മൈല്‍കുറ്റി എന്നും വാചാലനാകും. ആ വേശ്യക്കു പണ്ടൊരു ഭര്‍ത്താവുണ്ടായിരുന്നു. അയാളില്‍ സുന്ദരിയായ ഒരു മകളും. പൊക്കം കുറഞ്ഞ അവള്‍ കുരിമഗ മുരളിയൂതുന്നതു മറഞ്ഞിരുന്നു കേള്‍ക്കുമായിരുന്നു. പക്ഷെ അവിടെ കനാല്‍ പണിയാന്‍ വന്ന എഞ്ചിനിയറുടെ കൂടെ അവള്‍ ആരോടും മിണ്ടാതെ പോയി. ചന്ദ്രികയിപ്പോള്‍ അകലത്തിലെവിടെയോ കണ്ണും നട്ടു നില്‍ക്കുന്നു. ...കൊച്ചുകുഞ്ഞാനു നീ എന്റെ കണ്ണില്‍.... രമണന്‍ തുടര്‍ന്നു.

ചന്ദ്രേ, നിനക്കു മടുപ്പു തോന്നുന്നുണ്ടോ എന്റെയീ കഥ കേള്‍ക്കുമ്പോള്‍. എനിക്കിതൊരിക്കലും മടുക്കാത്ത കഥയാണു. ആ കാറുകാരന്‍ എന്നെ മുട്ടിയില്ലായിരുന്നെങ്കില്‍ ഞാനിന്നും മൈല്‍ക്കുറ്റികളോടു സംസാരിക്കുമായിരുന്നു. അയാള്‍ എന്നെ സ്വാമിജിയുടെ അടുത്തെച്ചില്ലയിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ചിന്തിക്കാന്‍ പഠിക്കില്ലായിരുന്നു. ഒരിക്കലും എന്റെ അച്ഛന്റെ ദത്തുപുത്രനായി ഇവിടെ എത്തില്ലായിരുന്നു. എന്റെ ഗ്രാമത്തിലെ കുളമിപ്പോള്‍ വറ്റിയിരിക്കും. ആ പുളിമരം ഇപ്പോള്‍ കായ്‌ നല്‍കുന്നുണ്ടാവാം. നിന്നെ ഞാന്‍ കണ്ടു. നിന്റെയുള്ളില്‍ ജീവന്റെ വിത്തുക്കള്‍ എറിഞ്ഞു. ചന്ദ്രിക മന്ദസ്മിതത്തോടെ കേട്ടു നിന്നു. രമണന്‍ പുഞ്ചിരിതൂകി തുടര്‍ന്നു.

ചന്ദ്രേ, നമ്മുക്കു സിനിമയുടെ ശേഷം ഭാഗം കാണാം. ...എങ്കിലും ഹാ നിനക്കോര്‍മ്മ വേണം സങ്കല്‍പ ലോകമല്ലീയുലകം. രമണന്‍ പറഞ്ഞു നിര്‍ത്തി.